വക്കം കൊലപാതകം: കനത്ത സുരക്ഷയിൽ പ്രതികളെ തെളിവെടുപ്പ് നടത്തി
ബുധന്‍, 3 ഫെബ്രുവരി 2016 (12:47 IST)
വക്കത്ത് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പ് നടത്തി. ജനരോഷം ഭയന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് രാവിലെ എട്ടോടെ മിന്നല്‍ തെളിവെടുപ്പ് നടത്തിയത്. വക്കം മാര്‍ത്താണ്ഡം കുട്ടി സ്മാരകത്തിന് സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ് (22), സന്തോഷ് (23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക് (21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍ (22) എന്നിവരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന വക്കം റെയില്‍വെ ഗേറ്റ് പരിസരം, മര്‍ദ്ദനത്തിന് ഉപയോഗിച്ച ഇടിക്കട്ട, കല്ല്, തടികഷണം എന്നിവ ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ആറുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണെന്ന് റൂറൽ എസ് പി ഷെഫീൻ അഹമ്മദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു കൊലപാതകം നടന്നത്. ബാലു എന്ന ഉണ്ണികൃഷ്ണന് ഗിഫ്റ്റ് വാങ്ങാന്‍ കൂട്ടുപോയതായിരുന്നു ഷെബീര്‍. നിലയ്ക്കാമുക്കിലേക്ക് ഇരുവരും ബൈക്കില്‍ പോകുന്നത് പ്രതികളില്‍ ചിലര്‍ കണ്ടിരുന്നു. അവിടെനിന്നും വക്കത്തേക്ക് ബൈക്കില്‍ വന്ന ഷെബീറിനെയും സുഹൃത്ത് വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തിൽ ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ച് നാലംഗസംഘം തടഞ്ഞ് നിര്‍ത്തി കാറ്റാടിക്കഴ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടാണ് ഷെബീര്‍ മരിച്ചത്. ഉണ്ണിക്കൃഷ്ണൻ (26) ഗുരുതര പരുക്കോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി.
കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിനു സമീപത്തുള്ള പ്രതികളുടെ സങ്കേതങ്ങളില്‍ പൊലീസ് പരിശോധന നടത്തി. മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികൾക്കെതിരെ ഐപിസി 143, 147, 148, 149, 341, 294ബി, 323, 324, 302, 307 വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.