സ്വത്ത് തര്‍ക്കം, മകന്‍ അമ്മയെ കുത്തിക്കൊന്നു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തിക്കൊന്നു. കാസര്‍ഗോഡ് കുമ്പളയില്‍ ബസ് സ്‌റ്റാന്‍ഡില്‍ വച്ചായിരുന്നു കൊലപാതകം. കുമ്പള ചൗക്കി ആസാദ് നഗറിലെ പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
മകന്റെ കുത്ത് ഏറ്റ് ഗുരുതരമായി പരുക്കേറ്റ പത്മാവതി വൈകിട്ട് നാല് മണിയോടെയാണ് മരിച്ചത്. സ്വത്ത് വീതം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിക്ക് അമ്മ സ്വത്ത് വീതം വച്ച് തരുന്നില്ല എന്ന് കാട്ടി ഇയാള്‍ കാസര്‍ഗോഡ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പത്മാവതി 50 സെന്റ് സ്ഥലത്തില്‍ നിന്ന് ഭാഗം ചെയ്ത് തരാം എന്ന് അറിയിച്ചു.
എന്നാല്‍ ഭാഗം വയ്ക്കുമ്പോള്‍ കൂടുതല്‍ നല്‍കണമെന്ന് പറഞ്ഞ് അനില്‍കുമാര്‍ കലഹം പതിവാക്കി. സ്വത്തിനെച്ചൊല്ലി അനിലിന്റെ വഴക്ക് സഹിക്കാതാകുമ്പോള്‍ പത്മാവതി തൊട്ടടുത്തുള്ള മകള്‍ അനിതയുടെ വീട്ടിലേക്ക് മാറിത്താമസിക്കുമായിരുന്നു. ഇതോടെയാണ് ബസ്റ്റാന്‍ഡില്‍ വച്ച് ഇയാള്‍ അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്.