ഭാര്യയേയും മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് 37 വര്ഷം കഠിനതടവ്

എ കെ ജെ അയ്യര്‍
വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:04 IST)
തൃശൂർ: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് കോടതി 37 വർഷം  കഠിനതടവ് വിധിച്ചു. ഇരിങ്ങാലക്കുട മണവാളശേരി കുരുപ്പത്തിപ്പടി പുതുക്കാട്ടിൽ ഉണ്ണികൃഷ്ണനെയാണ് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2020 മാർച്ച് നാലാം തീയതിയാണ്. അന്നേദിവസം വെളുപ്പിന് രണ്ടര മണിയോടെയാണ് ഇയാൾ ഭാര്യയുടെ ദേഹത്ത് തീ കൊളുത്താനായി മണ്ണെണ്ണ ഒഴിച്ചത്. എന്നാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യ, മകൾ എന്നിവരെ പിന്തുടർന്നു വീട്ടുപറമ്പിലെ കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ഇരുവരെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്.

ബഹളം കേട്ട് എത്തിയ അയൽക്കാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെയും മകളെയും ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മകളുടെ ചെവിയിലും കൈവിരലിലുമാണ് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ഭാര്യയ്ക്കും മകൾക്കും നൽകണം. എന്നാൽ പിഴ അടയ്ക്കാത്ത പക്ഷം 1.9 കൊല്ലം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article