ഹനീഫ വധം: രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (09:46 IST)
എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫയുടെ കൊലപാതകത്തില്‍ പുതിയ വിശദീകരണവുമായി പൊലീസ്. ഹനീഫയുടെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും. മയക്കുമരുന്ന് മാഫിയക്കെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് കൊലപാതകമെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം, പൊലീസിന്റെ നിഗമനത്തെ തള്ളി ഹനീഫയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഐ ഗ്രൂപ്പ് നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഐ ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ഗോപപ്രതാപനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹനീഫയുടെ ബന്ധുക്കള്‍ പറയുന്നത്. മുഖ്യപ്രതിയായ ഷെമീര്‍ ഗോപപ്രതാപന്റെ അടുത്തയാളാണെന്നും കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നുമാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ചാവക്കാട്ടെ മയക്കുമരുന്ന് മാഫിയക്കെതിരെ ഹനീഫ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനമാണ് മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ചിനുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം ഹനീഫയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.