നാല് നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (16:33 IST)
സംസ്ഥാനത്തെ നാല് നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍, എലത്തൂര്‍, ചെറുവണ്ണൂര്‍ നല്ലളം നഗരസഭകളുടെ രൂപീകരണമാണ് റദ്ദാക്കിയത്. കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ചായിരുന്നു പുതിയ നഗരസഭകളുടെ രൂപീകരണം.

അതേസമയം, കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചത് കോടതി ശരി വയ്ക്കുകയും ചെയ്തു.  കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ച് നഗരസഭാ രൂപീകരണം പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി ലംഘിച്ച് നടത്തിയ നഗരഭസഭാ രൂപീകരണം നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.

നഗരസഭയുടെ കഴക്കൂട്ടം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിലെ 12 വാർഡുകൾ വെട്ടിമാറ്റിയാണ് കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപീകരിക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ ഇതിനെതിരെ സി.പി.എം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഭജനം നടപ്പിലായാൽ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഒറ്റയടിക്ക് 12 വാർഡുകളാണ് കഴക്കൂട്ടത്തേക്ക് പോവുക.

ഇതിൽ എട്ടെണ്ണം സി.പി.എമ്മിന്റെ കുത്തക വാർഡുകളാണ്. തിരുവനന്തപുരം നഗരസഭ നിലവിൽ ഭരിക്കുന്നത് ഇടത് പക്ഷമാണ്. അതിനാൽ ഈ 12 വാർഡുകൾ കഴക്കൂട്ടത്തേക്ക് പോയാൽ തിരുവനന്തപുരത്ത് യുഡിഎഫിന് മേൽക്കൈയാകും. അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരം കോർപ്പറേഷൻ സിപിഎമ്മിന് നഷ്ടമാകുകയും ചെയ്യുമായിരുന്നു. ഇതേ തുടർന്നാണ് സിപിഎം കോടതിയിലെത്തിയത്.

കോഴിക്കോട് കോർപ്പറേഷൻ വിഭജിച്ച് ഏലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ മുനിസിപ്പാലിറ്റികൾ രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.