മുല്ലപ്പെരിയാർ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേരളത്തിനോട് കേന്ദ്രം
ചൊവ്വ, 8 ഡിസംബര്‍ 2015 (13:11 IST)
മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാറിന് പരിമിതിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ വിഷയത്തിൽ ഇടപെടുന്ന കാര്യം പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ കുറഞ്ഞതായും ഉമാഭാരതി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
അതേസമയം, അണക്കെട്ടിന്‍റെ വ്യവസ്ഥകള്‍ പാലിക്കാത്ത തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. മുന്നറിയിപ്പ് നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും വെള്ളം ഒഴുക്കിവിട്ടത് വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും തമിഴ്നാട് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. സ്പില്‍വേകള്‍ തുറന്നുവിടുമ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ തമിഴ്നാടിന്‍റെ ഭാഗത്തുനിന്ന് അതുണ്ടായില്ല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയിലേക്ക് നീങ്ങുന്നത്.