മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടി
ഞായര്‍, 20 ഡിസംബര്‍ 2015 (11:08 IST)
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അധികൃതർ തുറന്നു. ഇന്നു പുലർച്ചെ മുന്നറിയിപ്പ് നല്‍കാതെയാണ് ഇത്തവണയും തമിഴ്നാട് ഷട്ടറുകൾ തുറന്നത്. സ്പിൽവേയുടെ നാലു ഷട്ടറുകളാണ് അരയടി വീതം തുറന്നത്. പെരിയാർ ഗ്രാമവാസികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടിയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3200 ഘനയടിയാണ്. നിലവിൽ സെക്കൻഡിൽ 800 ഘനയടി വെള്ളം ഇടുക്കി ജല സംഭരണിയിലേക്ക് ഒഴുകുന്നുണ്ട്. കൂടുതലായി വെള്ളം ഒഴുകിയെത്തിയാല്‍ ഒരു ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്.
അണക്കെട്ടിന്‍റെ വ്യഷ്ടി പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് രണ്ട് ഘട്ടങ്ങളായാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. ആദ്യം രണ്ട് ഷട്ടറുകൾ തുറന്നു. എന്നാൽ, നീരൊഴുക്കിൽ കുറവ് വരാത്തതിനാൽ രണ്ട് ഷട്ടർ കൂടി തുറക്കുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അണക്കെട്ടിലേക്കുള്ള തീരൊഴുക്ക് ശക്തിപ്രാപിച്ചത്.