അവസാനം ജില്ല കമ്മിറ്റി അംഗീകരിച്ചു: കൊല്ലം മണ്ഡലത്തിനും താരപ്രഭ; മുകേഷ് സി പി എം സ്ഥാനാര്‍ത്ഥിയാകും

ചൊവ്വ, 22 മാര്‍ച്ച് 2016 (12:50 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലും താരപ്രഭ. നടന്‍ മുകേഷ് കൊല്ലത്ത് സി പി എം സ്ഥാനാര്‍ത്ഥിയാകും. മുകേഷ് മത്സരിക്കുന്നതിനെതിരെ ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നു ചേര്‍ന്ന സി പി എം ജില്ല കമ്മിറ്റിയിലാണ് മുകേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍മന്ത്രി കൂടിയായ പി കെ ഗുരുദാസന്‍ ആയിരുന്നു മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യം മുതല്‍ രംഗത്തെത്തിയത്. എന്നാല്‍, പി കെ ഗുരുദാസനെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
 
ഇന്ന് ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റില്‍ മുകേഷ് സ്ഥാനാര്‍ത്ഥിയായി വരുന്നതിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും പി കെ ഗുരുദാസന് വേണ്ടി ആരും രംഗത്തു വന്നിരുന്നില്ല. സെക്രട്ടേറിയറ്റിനു ശേഷം ചേര്‍ന്ന ജില്ല കമ്മിറ്റിയില്‍ കൊല്ലത്ത് മുകേഷ് മത്സരിക്കുന്നതിന് അംഗീകാരം നല്കുകയായിരുന്നു.
 
കൊല്ലത്ത് ജനിച്ചുവളര്‍ന്ന മുകേഷ് തന്നെയാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ വിലയിരുത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അതേസമയം, മുകേഷ് അപ്രതീക്ഷിതമായി രംഗത്തെത്തിയതോടെ നിയമസഭ മോഹം നഷ്‌ടമായവര്‍ ഏറെയുണ്ട് മണ്ഡലത്തില്‍. തെരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങുന്നതിനു മുമ്പ് ഇവരെ മെരുക്കുക എന്നതായിരിക്കും മുകേഷിന്റെ ആദ്യത്തെ അജണ്ട.
 
നല്ല നടനെയല്ല, നല്ല രാഷ്‌ട്രീയക്കാരനെയാണ് കൊല്ലത്തിന് ആവശ്യം എന്ന രീതിയില്‍ മണ്ഡലത്തില്‍ കഴിഞ്ഞദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുകേഷിനെതിരെ അടുത്തദിവസം ലഘുലേഖകള്‍ വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം, തുടക്കത്തിലേ നുള്ളുക എന്നതായിരിക്കും പാര്‍ട്ടിയുടെ ഇനിയുള്ള വെല്ലുവിളി.

വെബ്ദുനിയ വായിക്കുക