പ്രിയദര്‍ശനെ ബിജെപി വെറുതെ വിടുമോ ?; എംടിയുടെ തല രാഷ്‌ട്രീയക്കാര്‍ക്ക് പന്ത് തട്ടാനുള്ളതല്ലെന്ന് പ്രിയന്‍

Webdunia
തിങ്കള്‍, 2 ജനുവരി 2017 (18:49 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയുടെ ആരോപണം നേരിടുന്ന ജ്ഞാനപീഠ ജേതാവ് എംടി വാസുദേവൻ നായര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്.

മലയാളത്തിലെ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനായ എംടി വാസുദേവന്‍ നായരുടെ തല രാഷ്ട്രീയക്കാര്‍ക്ക് പന്ത് തട്ടാനുള്ളതല്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവാണ് രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകേണ്ടത്. അതുണ്ടായാല്‍ എംടി പറയുന്നത് അനുകൂലമാണെന്ന് ചിലരും എതിരാണെന്ന് മറ്റ് ചിലരും പറയുന്നതിന്റെ പൊള്ളത്തരം മനസിലാകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ബുഹുമാനമാണ് എംടിക്ക് എല്ലാവരും നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാത്തതാണ് വിവാദങ്ങള്‍ക്ക് കാരണം. അദ്ദേഹമെഴുതിയ സൃഷ്‌ടികളില്‍ ഹിന്ദുത്വത്തെയും കമ്മ്യൂണിസത്തെയും തിരുത്തുകയും അനുകൂലിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവ മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കണമെന്നും പ്രിയദര്‍ശന്‍ തൃശൂരില്‍ പറഞ്ഞു.

എംടിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമർശിക്കപ്പെടും. അദ്ദേഹം വിമർശനത്തിന് അതീതനല്ലെന്നും മുരളീധരൻ ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു.
Next Article