മഞ്ജുവിനോട് മാത്രം ക്ഷമിച്ചതെന്തിന്? മുഖ്യമന്ത്രിക്ക് എല്ലാവരും ഒരുപോലെ ആകണമെന്നല്ലേ?

തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (17:44 IST)
രാഷ്ട്രീയക്കാർ പൊതുവെ പൊതുപരിപാടികളിൽ വൈകിയാണ് എത്താറ്. എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യനിഷ്ഠ പാലിക്കുന്നയാളാണ്. ഒരു സമയം പറഞ്ഞിട്ടുണ്ടെങ്കിൽ ആ സമയത്ത് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കും. ഇക്കാര്യത്തിൽ മറ്റു മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ കണ്ട് പഠിക്ക് എന്നാണ് പൊതുവെയുള്ള സംസാരം. 
 
പരിപാടിയിൽ പങ്കെടുക്കാൻ അതിഥിയായി എത്തുന്നവരും ഇതേ കൃത്യനിഷ്ഠത പാലിക്കണമെന്ന കാര്യത്തിലും പിണറാറി വിജയന് നിർബന്ധമുണ്ട്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ എ ഡി ജി പി ബി സന്ധ്യ താമസിച്ചെത്തിയതും തുടർന്നുണ്ടായ സംഭവങ്ങളും ചർച്ചയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യാതെ വേദി വിട്ട് ഇറങ്ങുകയായിരുന്നു അന്ന് മുഖ്യൻ ചെയ്തത്.
 
എന്നാൽ, ഈ നിബന്ധനകൾ നടി മഞ്ജു വാര്യർക്ക് ബാധകമല്ലേ എന്നാണ് ഒരുകൂട്ടം ആളുകൾ ഇപ്പോൾ ചോദിക്കുന്നത്. കാരണമുണ്ട്, ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മുക്കാൽ മണിക്കൂർ നേരം മുഖ്യമന്ത്രി മഞ്ജു വാര്യർക്കായി കാത്തിരുന്നു. എന്നാൽ, മഞ്ജുവിനോട് മുഖ്യൻ ദേഷ്യം കാണിച്ചില്ല. വൈകി എത്തിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, കൃത്യ സമയത്ത് എത്താന്‍ കഴിയാത്ത തിരക്കുകളുള്ളതുകൊണ്ടാവാം എത്തിപ്പെടാന്‍ കഴിയാത്തത് എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
 
മുഖ്യമന്ത്രി മഞ്ജു വാര്യരോട് ക്ഷമിച്ചത് ചിലർക്കൊക്കെ ഞെട്ടലാണ് ഉണ്ടാക്കിയത്. കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയുടെ വേദിയായത് കൊണ്ടാവാം പിണറായി മഞ്ജുവിനോട് ക്ഷമിച്ചത് എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം, ചിലരോട് മാത്രം മുഖ്യമന്ത്രിയ്ക്ക് പക്ഷഭേദമാണെന്നും ഇത് ശരിയായ നടപടി അല്ലെന്നും പറയുന്നവർ ഉണ്ട്. 
 
ഇത്തരത്തില്‍ താമസിച്ച് വരുന്നത് ശരിക്കും അനാദരവാണെന്നു മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘനവുമാണ്. മുഖ്യമന്ത്രി പങ്കെടുത്ത എല്ലാ പരിപാടികളിലും അതിഥികളായി എത്തുന്നവര്‍ കൃത്യസമയം പാലിക്കണമെന്നും അത് സാധിക്കാത്തവര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും വൈകാതെ തന്നെ പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക