മൂഴിക്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിനു ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതല്‍ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് പൊലീസ് ഇതുമായി ബന്ധപ്പെട്ടു പോക്‌സോ കേസെടുത്തു.
കൊല്ലപ്പെട്ട കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂടെക്കൂട്ടിയാണ് പ്രതിയായ സ്ത്രീ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടത്. കുട്ടിയുടെ പിതാവ് ഇക്കാര്യം അമ്മയുടെ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഒപ്പമുണ്ടായിരുന്നില്ല.
കുട്ടി എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് അമ്മ നല്‍കിയത്. ബസില്‍ വെച്ച് കാണാതായെന്നായിരുന്നു അമ്മ പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രാത്രി എട്ടോടെ അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു ചാലക്കുടി പുഴയിലേക്കു എറിഞ്ഞതായി അമ്മ കുറ്റസമ്മതം നടത്തിയത്.