സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തും, ടെലഗ്രാമിലും ഷെയര്‍ചാറ്റിലും വ്യാജ അക്കൗണ്ടുകള്‍; ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിറ്റു സമ്പാദിച്ചത് ഒന്നരലക്ഷം, ഒടുവില്‍ പിടിയില്‍

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (19:16 IST)
സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി വില്‍പ്പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടിയത് വിദഗ്ധമായി. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ ജെയ്മോന്‍(20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ജെയ്‌മോന്‍ ചെയ്തിരുന്നതെന്ന് പാലാ എസ്.എച്ച്.ഒ. കെ.പി.ടോംസണ്‍ പറഞ്ഞു. ഈ ചിത്രങ്ങള്‍ പങ്കുവച്ച് ഇയാള്‍ പണം സമ്പാദിക്കുകയായിരുന്നു. 
 
ടെലഗ്രാം, ഷെയര്‍ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ അശ്ലീല ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
 
ചാറ്റ് ചെയ്യുന്നത് സ്ത്രീയോടാണെന്ന് കരുതി പലരും നഗ്നഫോട്ടോകള്‍ ചോദിച്ചിരുന്നു. പണം നല്‍കിയാല്‍ നഗ്നചിത്രങ്ങള്‍ കാണിക്കാം എന്ന് ജെയ്‌മോന്‍ മെസേജ് അയക്കും. പലരും ഈ ചാറ്റിങ് കെണിയില്‍ വീഴും. ഗൂഗിള്‍ പേയിലൂടെ പണം അയക്കാന്‍ ആവശ്യപ്പെടും. പണം ലഭിച്ചാല്‍ ഈ സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കും. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article