മത്സ്യബന്ധന വള്ളങ്ങൾ കുറഞ്ഞ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഔട്ട് ബോർഡ് യന്ത്രം വികസിപ്പിച്ച് മത്സ്യത്തൊഴിലാളികൾക്കു നൽകി അറുപത്തിരണ്ടുകാരനായ പുന്നപ്ര കളരിക്കൽ മോഹൻലാൽ. സമുദ്ര മലിനീകരണം കുറയ്ക്കുവാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് തനിക്കു പ്രചോദനമായതെന്നു മോഹൻലാൽ പറയുന്നു.
നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മോഹൻലാലിനെ സ്വാധീനിച്ചത്. സ്‌കോളേഴ്സ് ഇൻ റസിഡന്റ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു വർക്‌ഷോപ്പ് തൊഴിലാളിയായിരുന്ന മോഹൻലാൽ.സമുദ്രമലിനീകരണം കുറയ്ക്കുന്ന യന്ത്രങ്ങൾ വികസിപ്പിക്കണമെന്നാണ് അവിടെ കൂടിയവരോട് നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകളുമായി തിരികെ എത്തിയ മോഹൻലാൽ കഠിനമായ പരിശ്രമത്തിലൂടെ അത്തരമൊരു യന്ത്രം വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണിപ്പോൾ.