കേരളത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപാട് ഇങ്ങനെ

ചൊവ്വ, 30 ഏപ്രില്‍ 2019 (15:51 IST)
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തില്‍ പോയാല്‍ തിരിച്ചുവരില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്ത പരാമര്‍ശമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മറുപടിയും കൊടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതു ആദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെക്കുറിച്ച് ഇപ്രകാരം അതിസംബോധന ചെയ്യുന്നത്. കേരളത്തെക്കുറിച്ചുള്ള മോദിയുടെ വിവാദ പരാമർശങ്ങൾ എന്തൊക്കെ എന്ന് നോക്കാം. 
 
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിയാണ് സംഘടനയെ നയിക്കുന്നത് എന്നതാണ് ഏറ്റവും ഒടുവിലുത്തെ വിവാദ പരാമർശം.വാരാണസിയിലെ പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളാണുളളത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണുളളത്. കേരളത്തില്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നു. വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തില്‍ പോയാല്‍ തിരിച്ച് വരുമെന്ന് ഉറപ്പില്ല. വാരാണസിയില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനിടെ ആയിരുന്നു മോദിയുടെ ഈ വാക്കുകൾ.അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യും. കേരളത്തിന് പുറത്ത് മംഗലാപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു മോദിയുടെ പരാമര്‍ശം.
 
 
വി മുരളീധരനെ കൊല്ലാന്‍ നോക്കി എന്നതാണ് മോദിയുടെ മറ്റൊരു പരാമർശം.രാജ്യത്ത് ജനങ്ങളുടെ മനസില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ നമ്മുടെ എംപി വി മുരളീധരന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ്  അക്രമം നടത്തുന്നത്. ജനുവരി 2019 ആദ്യം ഹൈദരാബാദില്‍ 'എന്റെ ബൂത്ത് ഏറ്റവും ശക്തം' പരിപാടിയിലായിരുന്നു മോദിയുടെ പ്രസംഗം.യുവതി പ്രവേശനത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ കേരളത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നേരമാണ് കണ്ണൂര്‍ തലശേരിയിലെ വാടിയില്‍ പീടികയിലുളള മുരളീധരന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിരുന്നില്ല.
 
കമ്മ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ മാനിക്കാത്തവര്‍ എന്നത് മറ്റൊരു വിവാദ പരാമർശം.കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ശബരിമല സുപ്രീംകോടതി വിധി പറയാതെ, ശബരിമല ലാക്കാക്കിയുളള മോഡി പ്രസംഗം അരങ്ങേറിയത്. 
 
ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണ്. ഇതിനെ ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തും. ചരിത്രം, സംസ്‌കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. എങ്കിലും ശബരിമല വിഷയത്തില്‍ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ല. ബിജെപിക്ക് ഒറ്റ നിലപാടേയുള്ളൂ. കേരളത്തിന്റെ ആധ്യാത്മിക സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഒപ്പം നില്‍ക്കുന്നത് ബിജെപി മാത്രം.
 
2016ലെ സോമാലിയ പരാമര്‍ശം എറെ പ്രതിഷേധങ്ങൾക്കു വഴി തെളിച്ചിരുന്നു.ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളിലെ ശിശുമരണനിരക്ക് സോമാലിയയെക്കാള്‍ പരിതാപകരമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പേരാവൂരില്‍ ആദിവാസി ബാലന്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കേരളത്തിന് അപമാനകരമാണ്. അത് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണിന്ന്.
 
പേരാവൂരില്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുന്ന എച്ചില്‍ കഴിക്കുന്ന ആദിവാസി ബാലന്മാരെക്കുറിച്ചുളള വാര്‍ത്ത സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം.ആദിവാസിക്കുട്ടികള്‍ മാലിന്യം ഭക്ഷിച്ച വാര്‍ത്ത ശരിയല്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. മോദി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കേരളത്തെ സോമാലിയയായി താരതമ്യപ്പെടുത്തുന്ന പ്രധാനമന്ത്രി തെറ്റ് തിരുത്തിയില്ലേല്‍ പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ പോ മോനെ മോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ ഇതിനെതിരെ വ്യാപകമാകുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍