ഫോനി ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറ്റും; കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സധ്യത; ജാഗ്രത നിർദേശം

തിങ്കള്‍, 29 ഏപ്രില്‍ 2019 (08:35 IST)
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരളം ചുഴലിക്കാറ്റിന്റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
 
അതിനിടെ ഫാനിയുടെ  ദിശമാറുന്നതായി സൂചന. തമിഴ്‌നാട്, ആന്ധ്ര തീരത്ത് അടുക്കാതെ വടക്കുകിഴക്കന്‍ ദിശയിലാണു ഫോനി നീങ്ങുന്നതായി കാലാവസ്ഥ ഗവേഷണകേന്ദ്രം വ്യക്തമാക്കി. ഇന്നു മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെയും നാളെ 155 കിലോമീറ്റര്‍ വരെയുമായിരിക്കും ഫോനിയുടെ വേഗം എന്നാണു വിലയിരുത്തല്‍. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഫോനി ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍