മോഹന്‍ലാലിനെതിരായ ആനക്കൊമ്പുകേസില്‍ ത്വരിതാന്വേഷണം. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസിലാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി മോഹന്‍ലാലിനെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്. മുന്‍മന്ത്രി തിരുവഞ്ചൂരിനെതിരെയും കൊമ്പ് കൈമാറിയവര്‍ക്കെതിരെയും കേസ് എടുക്കാനും കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്
മോഹന്‍ലാലിനെ കൂടാതെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് സര്‍ക്കാരുമടക്കം പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. രഹസ്യവിവരത്തെ തുടര്‍ന്ന് 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ എ പൗലോസ് ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ മോഹന്‍ലാലിനെതിരേ കേസെടുത്തില്ല. സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം ലാല്‍ ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കുകയും ചെയ്തുയെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. നിയമ വിരുദ്ധമെന്ന് അറിയാതെയാണ് ആനക്കൊമ്പ് കെവശം വച്ചതെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം, 65,000 രൂപ കൊടുത്താണ് താന്‍ ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കെ. കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍ നിന്നാണ് താന്‍ ആനക്കൊമ്പ് വാങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയായും പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.