കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ട; അഭിഭാഷകര്‍ അതിരുവിട്ടാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും; മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ നല്കി മുഖ്യമന്ത്രി
കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകര്‍ അതിരു വിട്ടു പോയാല്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കെ യു ഡബ്ല്യു ജെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണ നല്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
മാധ്യമസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. തര്‍ക്കം വഷളാക്കാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമിക്കുന്നു. വിലക്കില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ കടക്കാന്‍ കഴിയണം.
വഞ്ചിയൂരിലെ ആക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലടിക്കേണ്ടവരലെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യം ജനങ്ങളെ അറിയിക്കാനുള്ള മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കും. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് വേണ്ട. കോടതിയില്‍ ആര് കയറണം ആര് കയറണ്ട എന്ന് തീരുമാനിക്കുന്നത് അഭിഭാഷകരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.