ഒരു പ്രളയം കൊണ്ട് പഠിച്ചില്ല, ഒറീസയ്ക്ക് കഴിയുമെങ്കിൽ എന്തുകൊണ്ട് നമുക്കായി കൂടാ? - മോഹൻലാൽ ചോദിക്കുന്നു
വ്യാഴം, 22 ഓഗസ്റ്റ് 2019 (14:00 IST)
വീണ്ടുമൊരു പ്രളയത്തിൽ നിന്നും കേരളം പതുക്കെ കരകയറാൻ തുടങ്ങുകയാണ്. ഇതിനിടയില്‍ ചില ഓര്‍മ്മപ്പെടുത്തലുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗെത്തി. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്തശേഷമല്ല, അതിനു മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ട്. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണമായി ചെറുക്കാന്‍ കഴിയില്ല. എന്നാല്‍ അവയെ മുന്‍ കൂട്ടിയറിയാന്‍ സാധിക്കും. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ എഴുതുന്നു.
വെയില്‍ വന്നതോടെ നാം കഴിഞ്ഞ പ്രളയത്തെ മറന്നിരുന്നു. വീട് തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരും പഴയപടി തന്നെ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവെച്ച പാറപൊട്ടിക്കല്‍ ഉഷാറായി തുടര്‍ന്ന്. എന്നാല്‍ പ്രകൃതി ഒന്നും മറന്നിരുന്നില്ല. ഒരു വര്‍ഷമായപ്പോള്‍ വീണ്ടും പ്രളയം. മലകള്‍ ഒലിച്ചുപോയപ്പോള്‍ പാവപ്പെട്ട മനുഷ്യരും മണ്ണിനടിയിലായി. ഒരു പ്രളയം കൊണ്ട് പഠിച്ചില്ല, കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല.
ലോകം മുഴുവന്‍ കേരളത്തിലേക്ക് വരുന്ന ഇവിടുത്തെ കാലാവസ്ഥയുടെ കേമത്തം കൊണ്ടായിരുന്നു. അത്രയ്ക്ക് കൃത്യവും സുന്ദരവുമായിരുന്നു നമ്മുടെ ഋതുഭേദങ്ങള്‍. ഇപ്പോള്‍ മഴയെന്നാല്‍ പേടിയാണ് പലര്‍ക്കും. എല്ലായിടത്തും എപ്പോള്‍ വേണമെങ്കിലും വെള്ളം കയറാവുന്ന സ്ഥലം. കേരളം കാലാവസ്ഥാ പ്രകാരം അപകടകരമായ ഒരിടമാകുകയാണോ?
ആര്‍ക്കും ഇതിനെ പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ല. എങ്കിലും, ആധുനിക ശാസ്ത്ര സംവിധാനങ്ങളുപയോഗിച്ച് നമുക്ക് അവയെ മുന്‍കൂട്ടി അറിയാന്‍ സാധിക്കും. മുന്നൊരുക്കങ്ങള്‍ നടത്താം. 1999ല്‍ ഒറീസയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാല്‍, പിന്നീട് 2003ല്‍ അടിച്ച ഫാലിന്‍ ചുഴലിക്കാറ്റ് 25 പേരെയെ കൊണ്ടുപോയുള്ളൂ. സാറ്റലൈറ്റ് ഇമേജുകളുപയോഗിച്ച് കടല്‍ത്തിരമാലകളുടെയും കാറ്റിന്റേയും വേഗമളന്നും മഴയുടെ പതനശേഷി അളന്നും അവിടുത്തെ സര്‍ക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ആ നേട്ടം.
ഐക്യരാഷ്ട്രസംഘടനവരെ അവരെ അഭിനന്ദിച്ചു. എന്തുകൊണ്ട് നമുക്കും സാധിക്കില്ല. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം. മഴ പെയ്തു മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ നല്ലത് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങും ഉപയോഗിച്ച് അപകടസ്ഥലങ്ങളിലെ മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേ?