എന്തുകൊണ്ട് അന്ന് നടപടിയെടുത്തില്ല, വിരമിച്ചതിന്റെ പിറ്റേന്ന് പറയേണ്ട കാര്യങ്ങള്‍ അല്ല ഇതൊന്നും; വിമര്‍ശനവുമായി കാരശ്ശേരി

തിങ്കള്‍, 10 ജൂലൈ 2017 (07:30 IST)
ലവ് ജിഹാദ് ഉണ്ടെന്ന പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സെന്‍‌കുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പുള്ള സ്ഥിതിക്ക് എന്തുകൊണ്ട് സെന്‍കുമാര്‍ അന്ന് നടപടിയെടുത്തില്ലെന്നും എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ലെന്നും കാരശ്ശേരി ചോദിച്ചു. 
 
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ മുഖ്യപ്രചാരണങ്ങളിലൊന്നായിരുന്നു ലവ് ജിഹാദെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി. വിരമിച്ചതിന്റെ പിറ്റേന്ന് പറയേണ്ട കാര്യമില്ല ഇത്. സെന്‍കുമാര്‍ ക്രമസമാധാനത്തിന് ശമ്പളം വാങ്ങിയ ആളാണെന്നത് മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു കാരശ്ശേരിയുടെ പ്രതികരണം.
 
ഇതുവരെ സെന്‍കുമാര്‍ എവിടെയായിരുന്നു. കേരളത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാറിന് കണക്കുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നും കാരശ്ശേരി ചോദിച്ചു. കേരളത്തില്‍ എല്ലാവരെയും തലവെട്ടിക്കൊല്ലാന്‍ പോകുന്നു എന്ന തരത്തിലുള്ള ഭീതിയാണ് സെന്‍കുമാര്‍ പരത്തുന്നതെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.
 
ഒരാളെ പ്രണയിക്കുക, എന്നിട്ട് മറ്റൊരാളെ വിവാഹം കഴിക്കുക എന്ന സാഹചര്യം ഉണ്ടെന്നും ലൌ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സെന്‍‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക