ദേവികുളം എംഎല്‍എയായ എസ്. രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എം എം മണി. എസ് രാജേന്ദ്രന്‍ മൂന്നാറില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. പട്ടയമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്തുകാര്യത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ മെക്കിട്ടുകയറുന്നതെന്നും മണി ചോദിച്ചു. വി എസ് നടത്തിയ പരാമര്‍ശങ്ങളിലൊന്നും ഒരു കാര്യവുമില്ല. വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും മണി കൂട്ടിച്ചേര്‍ത്തു.
പട്ടിയും പൂച്ചയും എന്നുപറഞ്ഞുവരുന്നവരെയെല്ലാം മുന്‍പും ഓടിച്ച ചരിത്രമാണ് ആ നാട്ടുകാര്‍ക്കുള്ളതെന്നും എം എം മണി പറഞ്ഞു. ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയെ അനുകൂലിച്ചാണ് സംസാരിച്ചത്. അതേസമയം, ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനാകട്ടെ ഇന്ന് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണന്നതിനെ ശരിവെക്കുകയും ചെയ്തു.