എൽ ഡി എഫ് മന്ത്രിസഭയിൽ അഞ്ചു മന്ത്രിമാർ വേണമെന്ന ആവശ്യവുമായി സി പി ഐ. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി സി പി ഐ നടത്തിയ ചർച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം നേതൃത്വം മുന്നോട്ടുവച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ ഉണ്ടായിരുന്ന വകുപ്പുകളിൽ മാറ്റം വേണമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രധാന ആവശ്യം.
നിലവിലുള്ള വകുപ്പുകളിൽ തൊഴിൽവകുപ്പ് പുതുതായി വേണം, വനംവകുപ്പ് വേണ്ട എന്ന നിലപാടാണ് സി പി ഐ ചർച്ചയിൽ മുന്നോട്ട് വെച്ചത്. മന്ത്രിമാരെ നിർദേശിക്കാൻ ഓരോ ജില്ലാ കമ്മറ്റിക്കും സി പി ഐ സംസ്ഥാന നേതൃത്വം അനുവാദം നൽകി. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഭരണത്തിൽ സി പി ഐക്ക് 13 എം എൽ എമാരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 19ആയി ഉയർന്ന സാഹചര്യത്തിലാണ് ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സി പി ഐ ആവശ്യപ്പെട്ടത്.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ സി ദിവാകരൻ (ഭക്ഷ്യ-സിവിൽസപ്ലെസ്-മൃഗസംരക്ഷണം), കെ.പി. രാജേന്ദ്രൻ (റവന്യൂ), മുല്ലക്കര (കൃഷി), ബിനോയ് വിശ്വം (വനം,ഭവനനിർമ്മാണം) എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. വനംവകുപ്പ് ഒഴിവാക്കി വേറെ ഏതെങ്കിലും പ്രധാനവകുപ്പ് തരണമെന്നാണ് സി പി ഐ ആവശ്യം എന്ന് സി പി ഐയിലെ ഒരു മുതിർന്ന നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞു.