എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്നു; മൈക്രോഫിനാൻസ് കേസ് രാഷ്ട്രീയപ്രേരിതം - ബിജെപി

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (17:39 IST)
സ്മൈക്രോഫിനാൻസ് ഇടപാടില്‍ എൽഡിഎഫ് സർക്കാർ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്നുവെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസ്. നടേശനെതിരായ വിജിലൻ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയും ബിജെപിയുമായി തെരഞ്ഞെടുപ്പിൽ ധാരണയുണ്ടായതോടെ ഹിന്ദുപിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ സിപിഎമ്മിനു നഷ്ടപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യുന്നതിനും അധികാരത്തിലെത്താൻ വോട്ടുചെയ്തു സഹായിച്ച മത വർഗീയ തീവ്രവാദികളെ സന്തോഷിപ്പിക്കുന്നതിനുമാണ് എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയെ വേട്ടയാടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്നാണ്  വിജിലൻസ് എഫ് ഐ ആർ. വെള്ളാപ്പള്ളിയുൾപ്പെടെ മറ്റ് അഞ്ചുപേരും സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചുവെന്ന് അന്വേഷക സംഘം വ്യക്തമാക്കി.

ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഡാലോചന നടത്തുകയും സാമ്പത്തിക ക്രമക്കേട് വരുത്തുകയും ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഫ് ഐ ആർ. തട്ടിപ്പിന് എസ് എൻ ഡി പിയുടെ യോഗ്യത പരിശോധിച്ചില്ല. വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയിട്ടില്ല. കുറഞ്ഞ പലിശക്ക് ഈ തുക നൽകിയിട്ടില്ലെന്ന കാര്യത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.
Next Article