കൊയ്ത്തുപാട്ടും തലേൽക്കെട്ടും അരിവാളുമായി മന്ത്രിമാരും ശ്രീനിവാസവും വയലിലിറങ്ങി; മെത്രാൻകായലിലെ പുഞ്ചക്കൊയ്ത്തിന് തുടക്കം

ശനി, 11 മാര്‍ച്ച് 2017 (13:55 IST)
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കൃഷിയിറക്കിയ മെത്രാന്‍കായലിലെ വിളവെടുപ്പിന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നാടിന് ആവേശമായി നടന്ന വിളവെടുപ്പിൽ കൃഷിമന്ത്രിയോടൊപ്പം സിനിമാതാരം ശ്രീനിവാസനും ധനമന്ത്രി തോമസ് ഐസകും അണിചേർന്നിരുന്നു. കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറുകയായിരുന്നു.
 
ഇന്നുരാവിലെയാണ് മെത്രാന്‍കായലിലെ പുഞ്ചക്കൊയ്ത്തിന് തുടക്കമായത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കൊയ്ത്തുത്സവത്തിനുശേഷം നടന്ന സമ്മേളനം ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മെത്രാന്‍കായല്‍ റൈസിന്റെ ലോഗോ നടന്‍ ശ്രീനിവാസനാണ് പ്രകാശനം നിര്‍വഹിച്ചത്. 
 
കൊയ്ത്തുപാട്ടുകളുടെ പശ്ചാത്തലത്തില്‍ തലേല്‍ക്കെട്ടും കയ്യിൽ അരിവാളുമേന്തി നിന്ന മന്ത്രിമാർ ജനങ്ങൾക്ക് ആവേശമായി. മെത്രാന്‍കായലില്‍ ആദ്യംവിതച്ച 25 ഏക്കറിലെ കൊയ്ത്തുത്സവത്തിനാണ് ഇന്നുതുടക്കമായത്. ബാക്കിയുളളത് പാകമാകുന്നതിന് അനുസരിച്ച് കൊയ്ത്ത് നടത്തും. 

വെബ്ദുനിയ വായിക്കുക