ആരാണ് മെസ്സി വരില്ലെന്ന് പറഞ്ഞത്, നിങ്ങൾ കണ്ടോ, മെസ്സി എത്തും കളി കേരളത്തിൽ നടക്കും: വി അബ്ദുറഹിമാൻ

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (14:15 IST)
മെസ്സിയും സംഘവും കേരളത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിക്കും ടീമിനും കളിക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി. അനാവശ്യമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു വിവാദത്തിന്റെ ആവശ്യമില്ല. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറില്‍ മെസ്സി കേരളത്തിലെത്തും. എതിര്‍ ടീം ആരാകണമെന്നതിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
 
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. ഉദ്ദേശിച്ച രീതിയില്‍ പണമടച്ചാല്‍ കളി നടക്കുമെന്നാണ് അവര്‍ പറഞ്ഞത്. പണം അടയ്ക്കുന്നത് തുടരാമെന്നാണ് സ്‌പോണ്‍സറും വ്യക്തമാക്കിയിട്ടുള്ളത്. കായികമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവുര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ കട്ടൗട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് കേരളത്തിനോട് അര്‍ജന്റീനയ്ക്ക് താത്പര്യമുണ്ടാകുന്നതില്‍ ഒരു കാരണമായത്.

എന്നാല്‍ മെസ്സിയേയും സംഘത്തിനെയും കൊണ്ടുവരാന്‍ ഭാരിച്ച ചെലവാണ് വഹിക്കേണ്ടതായി വരിക എന്ന കാരണത്താല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മെസ്സിയെ ഇന്ത്യയില്‍ കളിപ്പിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു. ഇതോടെയാണ് കേരളം അതിനായി ശ്രമങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം അര്‍ജന്റീന തങ്ങളുടെ സൗഹൃദമത്സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ പക്ഷേ കേരളത്തിലെ മത്സരം ഉണ്ടായിരുന്നില്ല. ഇതാണ് മെസി എത്തുമോ എന്ന ചര്‍ച്ചകള്‍ വീണ്ടും കൊഴുക്കുന്നതിന് കാരണമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍