മാര്‍ട്ടിന്‍ ജോസഫ് ചെറിയ 'മീനല്ല'; കൂടുതല്‍ കേസുകള്‍, രണ്ട് യുവതികള്‍ കൂടി രംഗത്ത്, പരസ്യം നല്‍കി പൊലീസ്

ശനി, 12 ജൂണ്‍ 2021 (14:32 IST)
കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാര്‍ പറയുന്നു. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന് പരസ്യം പൊലീസ് നല്‍കിയിരുന്നു. കൂടുതല്‍ യുവതികള്‍ മാര്‍ട്ടിനെതിരെ രംഗത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നാണ് ആവശ്യം. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നും സൂചനയുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

സ്വന്തമായി പണിയൊന്നും ഇല്ലാത്ത ആളായിരുന്നു കൊച്ചി ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ്. എന്നാല്‍, വലിയ ആഡംബര ജീവിതമായിരുന്നു ഈ യുവാവ് നയിച്ചിരുന്നത്. ആഡംബര വാഹനങ്ങള്‍ മാത്രമാണ് മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്നത്. 
 
അതിവേഗം പണമുണ്ടാക്കാനായിരുന്നു മാര്‍ട്ടിന്‍ ജോസഫിന്റെ പരിശ്രമം. മണിച്ചെയിനാണ് മാര്‍ട്ടിന്‍ അതിനായി തിരഞ്ഞെടുത്ത വഴി. മണിച്ചെയിനിലൂടെ കാശുണ്ടാക്കും. പിന്നീട് കാശ് പലിശയ്ക്ക് കൊടുത്ത് കൂടുതല്‍ സമ്പാദിക്കും. 
 
ആഡംബര ജീവിതം നായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മാര്‍ട്ടിന് ഉണ്ടായിരുന്നത്. പീഡനം നടന്നെന്ന് പറയുന്ന ഫ്ളാറ്റില്‍ മാര്‍ട്ടിന്‍ താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. വീട്ടില്‍ നിന്ന് വഴക്കിട്ട ശേഷമാണ് കൊച്ചിയിലെ ഫ്ളാറ്റിലേക്ക് മാറിയത്. പ്രതിമാസം 43,000 രൂപയായിരുന്നു ഫ്ളാറ്റിന്റെ വാടക. വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു.
 
പരാതിക്കാരിയായ യുവതിയില്‍നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനം ചെയ്തും അഞ്ചുലക്ഷം രൂപ മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, ഈ പണം കിട്ടാതെ വന്നപ്പോള്‍ യുവതി മാര്‍ട്ടിനോട് ചോദിക്കാന്‍ തുടങ്ങി. പണം ചോദിക്കാന്‍ തുടങ്ങിയതോടെ മാര്‍ട്ടിന്‍ യുവതിയെ പീഡപ്പിക്കാന്‍ തുടങ്ങി. മണിചെയിന്‍, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.

ഡേറ്റിങ് ആപ്പുകള്‍ വഴി യുവതികളെ പരിചയപ്പെടുകയാണ് മാര്‍ട്ടിന്‍ ആദ്യം ചെയ്യുന്നത്. ഒരുമിച്ചു താമസിക്കാന്‍ താല്‍പര്യമുള്ള യുവതികളെ കണ്ടുപിടിച്ചു അവരുമായി ബന്ധം സ്ഥാപിക്കും. അതിനുശേഷം ഫ്‌ളാറ്റിലേക്ക് ക്ഷണിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍