മിശ്രവിവാഹത്തെ അനുകൂലിച്ച് മാര്‍ ക്രിസോസ്റ്റം രംഗത്ത്

ബുധന്‍, 17 ജൂണ്‍ 2015 (12:15 IST)
മിശ്രവിവാഹം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ മറ്റുള്ളവരെ മുറിവേല്‍പിക്കുമെങ്കില്‍ അത് പറയരുതെന്ന് മാര്‍ത്തോമ സഭ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം. ഈ വിഷയത്തില്‍ മതമേലധ്യക്ഷന്മാര്‍ക്ക് സഭക്കകത്ത് പറയാന്‍ അവകാശമുണ്ട്. വിവാഹം സഭാ വിശ്വാസികളുമായി മാത്രമേ ആകാവൂ എന്ന നിലപാടിനോട് യോജിപ്പില്ല. നിലവില്‍ രാജ്യത്ത് ഒരു നിയമമായി പ്രഖ്യാപിച്ച സംഗതിയെ എതിര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അനുകൂലിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ രംഗത്തെത്തി. ഇടുക്കി ബിഷപ്പ് നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഒരേ വിശ്വാസം പുലര്‍ത്തുന്നവര്‍ വിവാഹിതരാകുന്നതാണ് അഭികാമ്യമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

മിശ്രവിവാഹത്തില്‍ ക്രൈസ്തവ വിശ്വാസം പുലര്‍ത്തുകയും ജീവിതത്തില്‍ അത് പ്രായോഗികമാക്കുക എളുപ്പമാകില്ല. അതിന് ചിലര്‍ ആരോപിക്കുന്നത് പോലെ ജാതി വ്യത്യാസത്തിന്റെയോ രക്ത വിശുദ്ധിയുടെയോ അടിസ്ഥാനത്തില്ല. സഭയ്ക്ക് വിശ്വാസമാണ് പ്രധാനം എന്നത് കൊണ്ടാണ് ഇടുക്കി ബിഷപ്പ് അത്തരത്തില്‍ സംസാരിച്ചതെന്നും മാര്‍ ജോസഫ് പൗവ്വത്തില്‍ വിശദീകരിക്കുന്നു. ഈ കാര്യങ്ങള്‍ കൊണ്ട് തന്നെയാണ് മിശ്രവിവാഹത്തെ കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക