‘കൊന്നത് തെറ്റ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; മാവോയിസ്‌റ്റ് വേട്ടക്കെതിരെ വിഎസ് - മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ചൊവ്വ, 29 നവം‌ബര്‍ 2016 (17:54 IST)
മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെങ്കിൽ നടപടി വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിവേണം. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെ കൊല്ലരുത്. അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കാനല്ല, കാര്യപ്രാപ്തിയോട് കൂടീ പെരുമാറാനാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വിഎസ് കത്തില്‍ വ്യക്തമാക്കുന്നു.

മാവോയിസ്‌റ്റുകളെ കൊന്ന നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എതിരഭിപ്രായം പറയുന്നവരെ കൊല്ലുന്നത് കമ്മ്യൂണിസ്‌റ്റുകാരുടെ രീതിയല്ല എന്നായിരുന്നു കാനത്തിന്റെ നിലപാട്. പിന്നാലെ നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് ചുമതല. സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക