പാലായില്‍ മികച്ച വിജയം നേടിയ മാണി സി.കാപ്പന്‍ വീണ്ടും എല്‍ഡിഎഫിലേക്കെന്ന് സൂചന. എന്‍സിപി ദേശീയ നേതൃത്വവുമായി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും. മാണി സി.കാപ്പനെ തിരിച്ചെത്തിക്കാന്‍ എല്‍ഡിഎഫും രഹസ്യനീക്കങ്ങള്‍ നടത്തുന്നുണ്ട്. പാലാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിലായിരുന്ന മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ നിന്നു ജനവിധി തേടിയ കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് കെ.മാണിയെ പരാജയപ്പെടുത്തുകയും ചെയ്തു.
മാണി സി.കാപ്പന്‍ കൂടി മുന്നണിയിലേക്ക് എത്തിയാല്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം നൂറാകും. എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്താനാണ് മാണി സി.കാപ്പന്‍ ആഗ്രഹിക്കുന്നത്. പാലായില്‍ ജയിച്ചതിനാല്‍ എന്‍സിപിയില്‍ അനിഷേധ്യ നേതാവായി തുടരാം. മന്ത്രിസ്ഥാനം വീതംവയ്ക്കുമ്പോള്‍ അവസാന രണ്ടരവര്‍ഷം ചോദിച്ചു വാങ്ങാനുള്ള സാധ്യതയും ഉണ്ട്. ഇതെല്ലാം മുന്നില്‍കണ്ടാണ് മാണി സി.കാപ്പന്റെ നീക്കം. യുഡിഎഫില്‍ നിന്നാല്‍ പ്രതിപക്ഷ എംഎല്‍എയായി മാത്രമേ ഇരിക്കാന്‍ സാധിക്കൂവെന്നാണ് മാണി സി.കാപ്പന്‍ വിഭാഗവും പറയുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കാപ്പന്‍ ചര്‍ച്ച നടത്തിയേക്കും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിതാംബരന്‍ മാസ്റ്റര്‍ക്ക് കാപ്പന്‍ തിരിച്ചെത്തണമെന്ന് ആഗ്രഹമുണ്ട്. എ.കെ.ശശീന്ദ്രന്‍ വിഭാഗം മാത്രമാണ് കാപ്പന് എതിരായി നില്‍ക്കുന്നത്. ശരദ് പവാറിന്റെയും പിതാംബരന്‍ മാസ്റ്ററിന്റെയും നിലപാട് നിര്‍ണായകമാകും.