നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് തരംഗം എല്‍ഡിഎഫിന് നല്‍കിയത് 99 സീറ്റാണ്. ഒരു സീറ്റ് കൂടി ലഭിച്ചാല്‍ അത് മൂന്നക്കം കടക്കുമായിരുന്നല്ലോ എന്നാണ് ഇടത് അണികള്‍ ചെറിയെ വിഷമത്തോടെ പറയുന്നത്. ചെറിയ ഭൂരിപക്ഷത്തിലാണ് പല സീറ്റുകളും എല്‍ഡിഎഫിന് നഷ്ടപ്പെട്ടത്. അതില്‍ ഏതെങ്കിലും ഒരു സീറ്റില്‍ വിജയിച്ചിരുന്നെങ്കില്‍ എന്നാണ് ഇടത് അണികള്‍ ഇപ്പോള്‍ ആശിക്കുന്നത്. അത് ചിലപ്പോള്‍ യാഥാര്‍ഥ്യമായേക്കാം.
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം ജയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎം മുസ്തഫയാണ്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം കോടതി കയറുകയാണ്. കാരണം, ഈ മണ്ഡലത്തില്‍ 347-ഓളം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിട്ടുണ്ട്. ഇവ സര്‍വീസ് വോട്ടുകള്‍ അല്ല. പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറിന് പുറത്ത് ചുമതലപ്പെട്ട സ്‌പെഷ്യല്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പോ സീലോ വെച്ചിട്ടില്ല എന്നതാണ് ഈ വോട്ടുകള്‍ എണ്ണാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ എല്‍ഡിഎഫ് ചീഫ് ഏജന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടില്‍ കൂടുതല്‍ തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മാറ്റിവച്ച പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ കോടതി ഉത്തരവിട്ടാല്‍ പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം മാറിയേക്കാം. ഹൈക്കോടതി അവധിക്കാല ബഞ്ച് ഈ കേസ് പരിഗണിക്കാനാണ് സാധ്യത.