എതിര്‍പ്പുകള്‍ ഫലം കണ്ടില്ല; മങ്ങാട്ടുമുറി എഎം എല്‍പി സ്‌കൂള്‍ അടച്ചു പൂട്ടി, രേഖകള്‍ എ ഇ ഒ ഓഫീസിലേക്ക് മാറ്റി

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (08:10 IST)
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മങ്ങാട്ടുമുറി എഎം എല്‍പി സ്‌കൂള്‍ അടച്ചു പൂട്ടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍ അതിരാവിലെ തന്നെ സ്‌കൂളില്‍ എത്തിച്ചേര്‍ന്ന് കൊണോട്ടി എ ഇ ഒയും ആഷിഷ് പുളിക്കലും സംഘവും പ്രധാന ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ എ ഇ ഒ ഓഫീസിലേക്ക് മാറ്റി മുറി സീല്‍ ചെയ്‌തു.

ഏഴുമണിക്ക് മുമ്പ് തന്നെ സ്‌കൂളില്‍ എത്തിയ അധികൃതര്‍ക്ക് സഹായം നല്‍കി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 7.40തോടെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ച് അധികൃതര്‍ മടങ്ങുകയും ചെയ്‌തു. പൂട്ട് പോളിച്ച് അകത്ത് കയറിയ അധികൃതരെ തടയാന്‍ എസ്എഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും എത്തിയെങ്കിലും പൊലീസ് അവരെ തടയുകയായിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകരെയും നാട്ടുകാരുടെ ചില 86 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് അടച്ചുപൂട്ടിയത്. അഞ്ച് അധ്യാപകരും പുതിയതായി പ്രവേശം നേടിയ 19 കുട്ടികളടക്കം എഴുപത് കുട്ടികളുമാണ് മങ്ങാട്ടുമുറി എഎം എല്‍പി സ്‌കൂളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മെയ് 29ന് മങ്ങാട്ടുമുറി സ്കൂൾ അടച്ചുപൂട്ടാൻ എ.ഇ.ഒ എത്തിയെങ്കിലും നാട്ടുകാരും പി.ടി.എയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപോയിരുന്നു.

ലാഭകരമല്ലെന്ന പേരില്‍ സ്കൂൾ അടച്ചുപൂട്ടാന്‍ 2009-ലാണ് മാനേജര്‍ നടപടി തുടങ്ങിയത്. 2011-ല്‍ മാനേജര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. ഈ വിധി മേല്‍കോടതി സ്റ്റേ ചെയ്തതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്കൂൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
Next Article