കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് പതിനാറുപേരടങ്ങുന്ന അഞ്ചു കുടുംബങ്ങളെ കാണാതായത് അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പരിശോധിക്കേണ്ട വിഷയമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. എന്നാല്‍ മലയാളികളായ പതിനാറുപേര്‍ ഐഎസില്‍ ചേര്‍ന്നതായുളള വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും ബെഹ്‌റ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ നിന്നും പന്ത്രണ്ടു പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്.
ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടെന്ന നിഗമനത്തില്‍ എത്തിയത്. തെറ്റുതിരുത്തി അവര്‍ തിരിച്ചു വന്നില്ലെങ്കില്‍ അവരുടെ മയ്യത്തു പോലും കാണേണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും ഉടുംമ്പുന്തലയിലെ എന്‍ജിനിയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്. തിരോധാന വാർത്തയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി കേരളാ സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്