കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്‌കാരം വൈകിട്ട് തൃപ്പൂണിത്തുറയില്‍

ചൊവ്വ, 26 ജനുവരി 2016 (10:49 IST)
അന്തരിച്ച ചലച്ചിത്ര താരം കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. ഇവിടെ നിന്ന് 3.30 ഓടെ കല്‍പ്പനയുടെ ഫ്ളാറ്റില്‍ മൃതദേഹം എത്തിച്ച ശേഷം വൈകിട്ട്
അഞ്ചിനു തൃപ്പൂണിത്തുറയിലെ പൊതുശ്മസാനത്തില്‍ നടക്കും.

സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നിര്‍മാതാവ് സുരേഷ് കുമാര്‍, എം.രഞ്ജിത്, ആന്റോ ജോസഫ്, സംവിധായകന്‍ രണ്‍ജി പണിക്കര്‍, നടന്മമാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, മനോജ് കെ ജയന്‍, നടിമാരായ കെപിഎസി ലളിത, സീമ ജി നായര്‍, മേനക തുടങ്ങിയ പ്രമുഖരുടെ നിര വിമാനത്താവളത്തിലുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടത്.  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കല്പന ഹൈദരാബാദില്‍ എത്തിയത്. മുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്പന ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയ്ക്ക് ആയിരുന്നു ദേശീയ പുരസ്കാരം നേടിയത്.

നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ്. പോക്കുവെയില്‍, സ്‌പിരിറ്റ്, മഞ്ഞ്, പഞ്ചവടിപ്പാലം, ചിന്നവീട്, സതി ലീലാവതി എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. ചാര്‍ലി ആണ് റിലീസ് ആയ അവസാന ചിത്രം.

നാടകപ്രവര്‍ത്തകരായ വി പി നായരുടയും വിജയലക്ഷ്‌മിയുടെയും മകള്‍ ആയിരുന്നു കല്പന. സിനിമയോടെ ഒട്ടും താല്പര്യമില്ലാതെ സിനിമയില്‍ എത്തിയ കല്പന പിന്നീട് മലയാള സിനിമ ലോകത്തിന്റെ അവിഭാജ്യഘടമായി മാറുകയായിരുന്നു.

വെബ്ദുനിയ വായിക്കുക