തലങ്ങും വിലങ്ങും അടി കിട്ടി; സിനിമാ നടനെ കയ്യില്‍ കിട്ടിയപ്പോള്‍ അവര്‍ വെറുതെ വിട്ടില്ല, ദേഹം മുഴുവന്‍ വേദനയാണ്- ഭീമന്‍ രഘു
തിങ്കള്‍, 8 ഫെബ്രുവരി 2016 (13:59 IST)
മദ്യലഹരിയില്‍ ബേക്കറിയുടമയെ മര്‍ദിച്ചെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. ഒരു ചെറിയ വാക്കു തര്‍ക്കമാണ് സംഭവത്തിന് തുടക്കം കുറിച്ചത്. സംഭവം നടക്കുബോല്‍ താന്‍ മദ്യപിച്ചിരുന്നില്ല. അടി നന്നായി ലഭിച്ചതിനാല്‍ ശരീരം മുഴുവന്‍ വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തും കടയുടമയും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്. അസഭ്യം പറയാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ താന്‍ ഇടപെടുകയായിരുന്നു. അവര്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. അവര്‍ അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ ഞങ്ങളും അതു പോലെ തന്നെ പ്രതികരിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്‌ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. കനത്ത ശാരീരിക അസ്വസ്ഥതയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
താനൊരു നടനായതുകൊണ്ടാണ് ഈ ചെറിയ സംഭവത്തിന് ഇത്രയും വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചത്. മുന്‍വൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ സംഭവത്തിലില്ല. നടന്‍ ഉള്‍പ്പെട്ട വിഷയമാകുമ്പോള്‍ അതിന് പ്രശസ്തിയും കൂടുമല്ലോയെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഭീമന്‍ രഘു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
ഞായറാഴ്‌ച വൈകുന്നേരം 5.30ന് മദ്യലഹരിയില്‍ ഭീമന്‍ രഘുവും സുഹൃത്തും തിരുവനന്തപുരം മരുതംകുഴിയിലെ വട്ടിയൂര്‍കാവ് പൈപ്പ്‌ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്‌മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. വട്ടിയൂര്‍ കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കാറിലെത്തിയ ഭീമന്‍ രഘുവും സുഹൃത്തും ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഐസ്‌ക്രീം ആവശ്യപ്പെടുകയായിരുന്നുവെന്നും ശ്രീജേഷ് കാറിനടുത്ത് പോയി ഐസ്‌ക്രീം നല്‍കിയെന്നും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടെ കൊടുക്കാനുള്ള ബുദ്ധിമുട്ട് കടയുടമ അറിയിച്ചുവെന്നും അതിനെ തുടര്‍ന്ന് രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും സുഹൃത്ത് വിഷ്‌ണുവും ചേര്‍ന്ന് മര്‍ദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നുവെന്നുമാണ് പരാതി.
പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.