ഇന്ന് മകരവിളക്ക്: ശബരിമലയില്‍ മകരജ്യോതി തെളിയും

എ കെ ജെ അയ്യര്‍

വ്യാഴം, 14 ജനുവരി 2021 (16:22 IST)
ശബരിമല: ഇന്ന് മകരം ഒന്നാം തീയതി, മകര വിളക്ക്, ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്ന ത്രിസന്ധ്യാ നേരത്ത് മകരജ്യോതി തെളിയും. ഇതിനായി എല്ലാവര്‍ഷവും ഭക്ത ലക്ഷങ്ങളാണ് ശബരിമലയിലും സമീപ പ്രദേശങ്ങളായ പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ക്ഷമയോടെ കാത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇത്തവണ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് കേവലം അയ്യായിരം പേര്‍ക്ക് മാത്രമാവും മകരജ്യോതി ദര്‍ശിക്കാന്‍ അവസരം ഉണ്ടാവുക.
 
ഇതിനായി മുമ്പ് തന്നെ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് അവസരം ലഭിക്കുക. ഇത് കൂടാതെ സന്നിധാനത്തും നിന്ന് മാത്രമാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിനു അനുവാദമുള്ളത്. മറ്റു സ്ഥലങ്ങളിലേക്കൊന്നും തന്നെ ഭക്തര്‍ പോകാന്‍ അനുവദിക്കില്ല. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ ശരംകുത്തിയിലെത്തും.  
 
തുടര്‍ന്ന് ഘോഷയാത്രയ്ക്ക് അവിടെ സ്വീകരണം നല്‍കും. അതെ സമയം പന്തളം കൊട്ടാരത്തിലെ അശുദ്ധി കൊണ്ട് ഇത്തവണ രാജപ്രതിനിധികള്‍ ഘോഷയാത്രയ്ക്കൊപ്പം ഇല്ല. അതിനാല്‍ തന്നെ രാജ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ടുന്ന ചടങ്ങുകളും ഉണ്ടാവില്ല. ഇത്തവണ പെട്ടി തുറന്നുള്ള തിരുവാഭരണ ദര്ശനവും സ്വീകരണം എന്നിവയും ഒഴിവാക്കിയിരുന്നു.
 
ത്രിസന്ധ്യാ നേരത്ത് ശബരിമലയിലെത്തുന്ന തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുകയും തുടര്‍ന്ന് ദീപാരാധന നടത്തുകയും ചെയ്യും. സന്ധ്യാ നേരത്ത് 6.40 നാ ണ് ദീപാരാധന. ഈ സമയത്താണ് ദര്‍ശന സായൂജ്യത്തിനായുള്ള മകരജ്യോതി പൊന്നമ്പലമേട്ടില്‍ തെളിയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍