മഹാരാജാസ് കോളേജിൽ നിന്ന് ബോംബോ വടിവാളോ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി, കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കരുതെന്ന് പ്രതിപക്ഷം

വെള്ളി, 5 മെയ് 2017 (10:41 IST)
എറണാകുളം മഹാരാജാസ് കോളേജിൽനിന്നു ബോംബോ വടിവാളോ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. തുടര്‍ന്നാണ്  മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം, ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 
 
നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാർക്കകമ്പി, വെട്ടുകത്തി, പലക, ഏണി എന്നിവയാണു കോളേജില്‍ നിന്ന് കണ്ടെത്തിയത്. മഹാരാജാസിലെ സ്റ്റാഫ് ക്വാർട്ടേഴ്സി‍ൽനിന്നായിരുന്നു ഇവ ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 
 
മേയ് മൂന്ന് ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാർഥികൾക്കു താമസിക്കാൻ അനുവദിച്ച മുറിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തത്. പ്രിൻസിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അതേസമയം ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ എത്രയുംപെട്ടെന്ന് കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയും രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക