ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ച് എല്‍ഡിഎഫ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ 2019 ലെ കനത്ത തോല്‍വിക്കുള്ള മറുപടി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. യുവനേതാക്കളെ രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു കഴിഞ്ഞു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ തോറ്റ എം.സ്വരാജ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കും. പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വരാജിനെ മത്സരിപ്പിക്കാനാണ് തീരുമാനം. എ.എ.റഹീം, വി.പി.പി.മുസ്തഫ തുടങ്ങിയവരും ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകും.
പാലക്കാട് മത്സരിക്കേണ്ട കാര്യം സിപിഎം നേതൃത്വം സ്വരാജിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി തരംഗത്തില്‍പ്പെട്ടാണ് ഉറച്ച മണ്ഡലമായ പാലക്കാട് നഷ്ടപ്പെട്ടതെന്നും അത് തിരിച്ചുപിടിക്കണമെന്നും പാര്‍ട്ടി സ്വരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ പി.കെ.ബിജുവിനെ തന്നെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.