സമരത്തിലിരിക്കുന്ന സ്ത്രീകൾ എങ്ങനെയാ കാട്ടിൽ പോകുന്നത്? സ്ത്രീകളെ അല്ല താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി മണി

ശനി, 29 ഏപ്രില്‍ 2017 (14:01 IST)
താൻ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയാണെന്ന് മന്ത്രി എം എം മണി. സിപിഎമ്മിലെ വനിതാ നേതാക്കൾ കാര്യമറിയാതെ വിമർശിച്ചത് മര്യാദയായില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൌണ്ടറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
 
ചാനലുകളിൽ വാർത്ത കണ്ടയുടൻ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. എന്താണ് സംഭവമെന്ന് വിളിച്ച് ചോദിക്കാനുള്ള മര്യാദ പോലും ആരും കാണിച്ചില്ലെന്നും ഇക്കാര്യം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു. 
 
സ്ത്രീകളെ അല്ല താൻ വിമർശിച്ചതെന്നും മണി പറയുന്നു. പൊലീസ് - മാധ്യമ കൂട്ടുകെട്ടുകൾ അന്ന് നടത്തിയ വൃത്തികേടുകളെ കുറിച്ചാണ് താൻ പറഞ്ഞത്. പൊലീസുകാരും പത്രക്കാരും കൂടി ചെയ്യാവുന്ന പണി എല്ലാം ചെയ്തു എന്നാണ് താൻ ഉദ്ദേശിച്ചതെന്നും അല്ലാതെ സ്ത്രീകളെ അല്ലെന്നും മണി പറയുന്നു. സമരത്തിലിരിക്കുന്ന സ്ത്രീകൾ എങ്ങനാ കാട്ടിൽ പോകുന്നതെന്നും മന്ത്രി ചോദിക്കുന്നു.
 
മുഖ്യമന്ത്രിയെ എല്‍ഡിഎഫില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുണ്ട്. പിണറായി സഖാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. അത് മുന്നണിയ്ക്ക് അകത്തുള്ളവര്‍ ആക്രമിക്കുന്നു. അല്ലാത്തവരും ആക്രമിക്കുന്നു. ഞാൻ ഇതിനോട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറയുന്നു.

വെബ്ദുനിയ വായിക്കുക