ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം എം മണി

ബുധന്‍, 1 ഓഗസ്റ്റ് 2018 (10:05 IST)
ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരുവിധ ആശയക്കുഴപ്പവും ഇല്ലെന്ന് മന്ത്രി എം എം മണി. ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കുകതന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഈ വിഷയത്തിൽ മന്ത്രിമാർ രണ്ട് തട്ടിലാണെന്നുള്ള വാർത്ത തെറ്റാണ്. വൈദ്യുത ബോർഡിനും മറ്റൊരു നിലപാടില്ല. ആവശ്യമെന്നാൽ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികൾ തുറക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. ഇതിന്റെ എല്ലാ വശങ്ങളും വിശദമായി പഠിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടി ആയി. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴുമുണ്ട്. എന്നാൽ ഡാം തുറക്കുകയാണെങ്കിൽ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കാതെ ഘട്ടം ഘട്ടമായി മാത്രമേ തുറക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍