ലോട്ടറി വില്‍പ്പനക്കാരനു 3 കോടിയുടെ മണ്‍സൂണ്‍ ബംബര്‍

വെള്ളി, 24 ജൂലൈ 2015 (20:34 IST)
വില്‍ക്കാനായി വാങ്ങിയ ലോട്ടറികളില്‍ 9 എണ്ണം വില്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലായിരുന്നു തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ക്ഷേത്രത്തിനു കിഴക്ക് മണക്കാട്ട് ചന്ദ്രന്‍. എന്നാല്‍ വില്‍ക്കാതെ പോയ ടിക്കറ്റുകളിലെ എം.ഡി.479820 എന്ന നമ്പര്‍ ടിക്കറ്റിലൂടെ ഇയാള്‍ക്ക് സംസ്ഥാന ലോട്ടറിയുടെ മണ്‍സൂണ്‍ ബംബറിന്‍റെ മൂന്നു കോടി രൂപ സമ്മാനമായി ലഭിച്ചു. 
 
തൃപ്രയാറിലെ ഭാഗ്യശ്രീ ലോട്ടറി ഏജന്‍സിയില്‍ നിന്നു 50 ടിക്കറ്റുകള്‍ വാങ്ങിയതില്‍ 41 എണ്ണം വിറ്റഴിച്ചു. ബാക്കിയുള്ള 9 ടിക്കറ്റുകളില്‍ ഒന്നാണു ചന്ദ്രനെ കോടിപതിയാക്കിയത്. റോഡരുകിലെ തന്‍റെ കട ഉടന്‍ തന്നെ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയതിനിടെയാണ് സമ്മാനമടിച്ചത്.
 
ചെറിയൊരു കെട്ടിടത്തില്‍ താമസിക്കുന്ന ചന്ദ്രന്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലോട്ടറി വില്‍പ്പനക്കാരനാണ്. സമ്മാന തുക എന്തുചെയ്യണമെന്ന് മകനോട് ആലോചിച്ചു ചെയ്യുമെന്ന് സന്തോഷത്തോടെ ചന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക