ഹൈടെക് എടിഎം തട്ടിപ്പ് നടത്തിയവര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇവരെക്കുറിച്ചും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും അറിയുന്നതിനായി ഇന്റര്‍പോളിന് പര്‍പ്ള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തട്ടിപ്പുനടത്തിയവരുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ അന്വേഷണം വിപുലപ്പെടുത്തും. എടിഎം സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചര്‍ച്ച നടത്തുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്‌ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്‌ളോറിന്‍ എന്നിവര്‍ തലസ്ഥാനത്തത്തെിയെന്നും സമ്മതിച്ചു. കവര്‍ച്ചക്ക് 300ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പാസ്‌വേഡും ശേഖരിച്ചതായും ബാങ്കിന്റെ സെര്‍വറില്‍നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു.
ഗബ്രിയേലിനെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചോദ്യംചെയ്തുവരുകയാണ്. പണം പിന്‍വലിച്ച മുംബൈയിലെ എടിഎം കൗണ്ടറുകളിലും ഇവര്‍ തങ്ങിയ ചെന്നൈയിലെ സങ്കേതത്തിലും തെളിവെടുപ്പിന് എത്തിക്കുമെന്ന് അന്വേഷണസംഘം പറയുന്നു.