അധികാരത്തിലിരിക്കുന്ന കക്ഷികള്‍ തങ്ങളുടെ ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കുകയോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങള്‍/ ഉദ്യോഗസ്ഥര്‍ എന്നിവ ഉപയോഗിക്കുകയോ ചെയ്യരുത്. അധികാരത്തിലിരിക്കുന്ന കക്ഷികളുടെ താല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്.
സര്‍ക്കാര്‍ റസ്റ്റ് ഹൗസുകള്‍, ബംഗ്ലാവുകള്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വസതികള്‍ അധികാരത്തിലുള്ള പാര്‍ട്ടിയോ അതിന്റെ സ്ഥാനാര്‍ത്ഥികളോ കുത്തകയാക്കരുത്. ഇത്തരം സ്ഥലങ്ങളും പരിസരങ്ങളും പ്രചാരണത്തിനോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാനും പാടില്ല. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതുഖജനാവ് ചെലവിട്ട് പരസ്യം നല്‍കാന്‍ പാടില്ല. ഔദ്യോഗിക മാധ്യമങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്യരുത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങള്‍, മൈതാനങ്ങള്‍, ഹെലിപാഡ് എന്നിവ കുത്തകയാക്കി മാറ്റാന്‍ പാടില്ല. മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അത്തരം സ്ഥലങ്ങളും സൗകര്യങ്ങളും നിബന്ധനകളോടും വ്യവസ്ഥകളോടും കൂടി ഉപയോഗിക്കാം.