സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടും, തീരുമാനം ഉടന്‍; നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രവും

വെള്ളി, 28 മെയ് 2021 (08:43 IST)
കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നോ നാളെയോ അന്തിമ തീരുമാനം ഉണ്ടാകും. ലോക്ക്ഡൗണ്‍ നീട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരുകയാണ് അഭികാമ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും ലോക്ക്ഡൗണ്‍ നീട്ടല്‍. കേരളത്തില്‍ നാലാം ഘട്ടമെന്ന നിലയില്‍ ജൂണ്‍ എട്ട് വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത.

രോഗനിരക്ക് കുറച്ചുകൊണ്ടുവന്ന ശേഷം മാത്രം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ നിലപാട്. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ മാത്രം ഇളവ് അനുവദിക്കാമെന്നാണ് പൊതു അഭിപ്രായം. 
 
നിലവില്‍ മേയ് 30 വരെയാണ് ലോക്ക്ഡൗണ്‍. മേയ് 30 നു ശേഷവും ലോക്ക്ഡൗണ്‍ തുടരുന്ന കാര്യമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ആലോചിക്കുന്നത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനോട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും യോജിപ്പില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാം. ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കി നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്. 
 
മേയ് 30 ന് ശേഷം ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുമ്പോഴും മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ്. 

നിലവിലെ നിയന്ത്രണങ്ങളില്‍ ഒറ്റയടിക്ക് ഇളവ് നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
 
രണ്ടാം കോവിഡ് തരംഗത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ക്രമാതീതമായി കുറഞ്ഞു. എങ്കിലും എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് നീക്കരുതെന്ന് കേന്ദ്രം പറയുന്നു. അങ്ങനെ വന്നാല്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കും. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി ഘട്ടംഘട്ടമായി മാത്രം ഇളവുകള്‍ അനുവദിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടും. കേരളത്തില്‍ മേയ് 30 വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍ ഇത് ജൂണ്‍ എട്ട് വരെ നീട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍