മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം
വ്യാഴം, 27 ഓഗസ്റ്റ് 2015 (12:59 IST)
സംസ്ഥാന സർക്കാർ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. മദ്യനയത്തിനെതിരെ ബാർ ഹോട്ടൽ ഉടമകൾ നൽകിയ ഹർജിയിലെ അന്തിമ വാദത്തിനിടെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. മദ്യനയം കൊണ്ടുവന്നത് ജനതാൽപര്യം കണക്കിലെടുത്താണെന്നും ഇതിലൂടെ മദ്യ ഉപഭോഗം കുറയുന്നില്ലെങ്കിൽ സുപ്രീംകോടതിക്ക് നയം റദ്ദാക്കാവുന്നതാണെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേസിൽ സർക്കാരിന്റേയും വാദം പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാനായി മാറ്റി.
ഹർജിയിൽബാറുടമകളുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ വാദം. എന്നാൽ, മദ്യ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകൾ പൂട്ടിയതെന്നായിരുന്നു സർക്കാരിന്റെ വാദം. പുതിയ മദ്യനയം വന്നപ്പോൾ ജോലി നഷ്ടമായവർക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ബാർലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ നൽകൂവെന്ന് സർക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീർത്തി സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക മദ്യനയത്തിന്റെ ലക്ഷ്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് അനുവദിച്ചത് ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. പൊതുസ്ഥലങ്ങളിൽ മദ്യപാനം നിയന്ത്രിക്കുകയാണു മദ്യനയത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ബാറുടമകളുടെ വാദം സർക്കാരിന്റെ വായിൽ തിരുകാൻ ശ്രമിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
ബാറുകൾ പൂട്ടിയതു കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ സഹതപാമുണ്ടെന്ന് വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞു. തൊഴിൽ നഷ്ടം ഗുരുതരമായ പ്രശ്നമാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമ സാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് വിക്രംജിത് സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ തിങ്കളാഴ്ചയ്ക്കകം രേഖാമൂലം നൽകാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.