നാട്ടുകാര്‍ക്ക് ‘അന്യായമായ വിലയില്‍‘ മദ്യം കൊടുക്കാനാണ് സര്‍ക്കാര്‍ നാടുനീളെ ബീവറേജ് ഷോപ്പുകള്‍ തുറന്നുവച്ചിരിക്കുന്നത്. എന്നാല്‍ ഈ അന്യായത്തിനു മേലെ പീന്നേയും അന്യായം കാട്ടിയാലോ? കുടിയന്മാര്‍ എല്ലാം കണ്ണുംപൂട്ടി സഹിക്കുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. എട്ടിന്റെ പണിതന്നെ അവര്‍ തിരിച്ചുകൊടുക്കും... കാരണം കള്ളിനോടുള്ള കുടിയന്റെ ആത്മാര്‍ഥത പെറ്റതള്ളപോലും സഹിക്കുന്നതല്ല...അപ്പോളാണ് കള്ളിന്റെ വിലയില്‍ കള്ളത്തരം കാട്ടി കുടിയന്മാരെ പറ്റിക്കുന്നത്.
ലമറ്റത്തെ ബീവറേജസ് കോര്‍പ്പറേഷനിലാണ് ഉപഭോക്താക്കളെ പറ്റിക്കുന്ന ഏര്‍പ്പാട് പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തത്. മദ്യക്കുപ്പിയിലെ വില മായ്ച്ച് കളഞ്ഞ്, പുതിയ വില ഇട്ടായിരുന്നു ഇവിടെ വില്‍പന. പച്ചവെള്ളത്തിന്റെ വില അറിഞ്ഞില്ലെന്കിലും സ്വന്തം ‘ബ്രാന്‍ഡിന്റെ‘ വില ഏതുറക്കത്തില്‍ ചോദിച്ചാലും പറയുന്ന കുടിയന്റെ മുന്നില്‍ ഈ ഒടിമായം നടക്കുമോ? ഇല്ല... സഹികെട്ടപ്പോള്‍ അവര്‍ പരാതിയുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഷോപ്പില്‍ റെയ്ഡ് നടത്തിയെങ്കിലും അന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അങ്ങനെയങ്ങ് വിടാന്‍ പക്ഷെ കുടിയന്മാര്‍ തയ്യാറായിരുന്നില്ല. അടുത്ത ദിവസം പരാതി എക്സൈസിന്റെ മുന്നിലെത്തി. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കൈയ്യോടെ പിടികൂടി. ബീവറേജസ് ഷോപ്പില്‍ നിന്ന് വില മായ്ച്ച കളഞ്ഞ നിലയിലുള്ള മദ്യക്കുപ്പികള്‍ കണ്ടെത്തി. സ്റ്റോക്കില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് കൊടുത്ത മദ്യത്തിന്റെ 90 കേസുകളും ഷോപ്പില്‍ ഉണ്ടായിരുന്നു. വിലകൂട്ടി ബില്‍ നല്‍കുക. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുക.... ഇതായിരുന്നു ഇവിടത്തെ തട്ടിപ്പ് രീതി. എന്നാല്‍ ഒടുവില്‍ യഥാര്‍ത്ഥ വിലക്കുള്ള ബില്‍ തയ്യാറാക്കുകയും ചെയ്യും. കുപ്പിയിലും വിലമാറ്റുന്നതോടെ പാവപ്പെട്ട മദ്യപരെ പറ്റിക്കാന്‍ എളുപ്പം!