ലൈറ്റ് മെട്രോ: സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (16:39 IST)
കൊച്ചി മെട്രോ മാതൃകയില്‍ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് കേരളം. ഇക്കാര്യം വ്യക്തമാക്കി കേരളം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ലൈറ്റ് മെട്രോയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഡി എം ആര്‍ സി നിര്‍വ്വഹിക്കുമെന്നും കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
 
ഭൂമിയേറ്റെടുക്കല്‍, പൈപ്പ് മാറ്റല്‍ എന്നിവ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. പദ്ധതിച്ചെലവിന്റെ 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാമെന്നും 60 ശതമാനം തുക വായ്പയിലൂടെ കണ്ടെത്താമെന്നും കത്തില്‍ സംസ്ഥാനം വ്യക്തമാക്കുന്നു.
 
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് പുതിയ കത്തയച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡി എം ആര്‍ സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
 
പദ്ധതി നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതസംവിധാനങ്ങളും ക്രമീകരണങ്ങളും ഉള്‍ക്കൊള്ളിച്ച പഠനം, കൂടാതെ  ധനസമാഹരണ മാര്‍ഗം, വായ്പ, കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍, സമഗ്ര മൊബിലിറ്റി പ്ലാന്‍ എന്നിവയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക