ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമാകുമോ ?; പ്രതികാരമല്ല പുതിയ എൽഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി, ഇത് മുഴുവൻ ജനങ്ങൾക്കുമായുള്ള സർക്കാർ എന്ന് നിയുക്ത മുഖ്യമന്ത്രി
പ്രതികാരമല്ല പുതിയ എൽഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ ആര്‍ക്കെതിരെയും ഉണ്ടാവില്ല. എന്നാല്‍, നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആലപ്പുഴ വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്‌ക്കുക. എല്‍ ഡി എഫ് സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്.
കാലാനുസൃതമായ വികസനം, സ്ത്രീസുരക്ഷ എന്നിവ ലക്ഷ്യം വച്ചായിരിക്കും മുന്നോട്ട് പോകുക. നാടിന്റെ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുള്ള വിധിയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചുവെന്നും പിണറായി പറഞ്ഞു.
വിലക്കയറ്റത്തിനും വർഗീയ ശക്തികൾക്കുമെതിരായിട്ടുള്ളതുമായ ജനവിധി കൂടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധി കൂടിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് ചിന്തിക്കുന്നവര്‍ ഇത്തരമൊരു വിധി വരുന്നതിന് ഇടയായിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ എത്തിയാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ നേര്‍ക്ക് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസ് ബാര്‍ കോഴക്കേസ് എന്നിവയടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്. ഉമ്മന്‍ചാണ്ടിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എന്താകുമെന്നാണ് രാഷ്‌ട്രീയകേരളം കാത്തിരിക്കുന്നത്.