ഭൂമിയിടപാട്: കാന്തപുരത്തിനെതിരെ ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവ്, പ്രതിയാക്കണമോ എന്ന് അന്വേഷണത്തിന് ശേഷം തീരുമാനിക്കും

വ്യാഴം, 7 ജൂലൈ 2016 (11:41 IST)
അഞ്ചരക്കണ്ടി ഭൂമി കൈമാറ്റത്തിൽ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ത്വരിത പരിശോധന നടത്താൻ തലശ്ശേരി വിലിജൻസ് കോടതി ഉത്തരവ്. കാന്തപുരത്തെ പ്രതിയാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിയാക്കണോ വേണ്ടയോ എന്ന് അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. 
 
കാന്തപുരമടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു ഇരിട്ടി പെരിങ്കരയിലെ അറാക്കല്‍ വീട്ടില്‍ എ കെ ഷാജി ഹര്‍ജി കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും. എന്നാല്‍ തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവായി. പരാതിയില്‍ കാന്തപുരം ഇല്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. 
 
കാന്തപുരത്തെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ് ഐ ആര്‍ സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടി എ കെ ഷാജി ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമി കൈമാറ്റത്തിന് രേഖകളില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. പരാതിയിലെ മുഖ്യ എതിര്‍ കക്ഷിയെ ഒഴിവാക്കിയത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
 
അതേസമയം, ഭൂമി കൈമാറ്റത്തിൽ പവർ ഓഫ് അറ്റോർണി നൽകി എന്നതുമാത്രമാണ് കാന്തപുരം  ചെയ്തതെന്ന് വക്കീൽ പറയുന്നു.
 

വെബ്ദുനിയ വായിക്കുക