വിദേശത്ത് നിന്നും 3.98 ലക്ഷം, അന്യസംസ്ഥാനങ്ങളിൽ നിന്നും 1.36 ലക്ഷം, കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നവരുടെ കണക്കുകൾ ഇങ്ങനെ

Webdunia
ശനി, 2 മെയ് 2020 (19:04 IST)
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരാനായി നോർക്കയിൽ രജിസ്റ്റർ ചെയ്‌തത് 5.34 ലക്ഷം മലയാളികൾ. നോർക്കാ റൂട്ട്‌സാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
 
 
വിദേശത്ത് നിന്നും 3.98 ലക്ഷം ആളുകളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 1.46 ലക്ഷം പേരുമാണ് നോർക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും. തുടർന്ന് നേരത്തെ പ്രഖ്യാപിച്ച മുൻഗണനകൾക്കനുസരിച്ചായിരിക്കും തിരിച്ചെത്തിക്കുക.
 
യുഎഇയിൽ നിന്നാണ് ഏറ്റവുമധികം പ്രവാസികൾ അപേക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് 1.75 ലക്ഷം ആളുകളും സൗദി അറേബ്യയിൽ നിന്നും 54305 പേരും യുകെയിൽ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255 പേരും യുക്രൈയിനില്‍ നിന്ന് 1958 പ്രവാസികളും മടങ്ങി വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
കർണാടകയിൽ നിന്നും 44871 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.തമിഴ്‌നാടിൽ നിന്നും 41425 പേരും മഹാരാഷ്ട്രയിൽ നിന്നും 19029 പേരും കേരളത്തിൽ തിരിച്ചെത്താനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article