യുവതിയുടെ മരണം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (20:18 IST)
യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി അത്തിപ്പറ്റ പടുത്തുകുളങ്ങര വീട്ടില്‍ ജുബൈരിയ എന്ന 45 കാരിയുടെ വധവുമായി ബന്ധപ്പെട്ട് മണ്ണാര്‍കാട് കരിങ്കല്ലത്താണി അരക്കുപറമ്പ് വെല്ലടിക്കാട്ടില്‍ വീട്ടില്‍ അബ്ദു റഹിമാന്‍എന്ന 45 കാരനാണ് വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്.
 
ആദ്യഭാര്യയെ വിഷം കൊടുത്തു കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അബ്ദു റഹിമാന്‍ ശിക്ഷ കഴിഞ്ഞ മൂന്നാം ഭാര്യാ സഹോദരി ജുബൈരിയയേയും സംശയത്തിന് ഇട നല്‍കാത്ത വിധത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. ജുബൈരിയയുടെ ഏഴര പവന്‍റെ ആഭരണം മോഷ്ടിച്ചത് സംബന്ധിച്ച് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്. പൂക്കാട്ടിരി തോട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജുബൈരിയയുടെ മൃതദേഹം കണ്ടെത്തിയത്.   
 
ആദ്യം ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടു മരിച്ചതാവാം മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തില്‍ അണിഞ്ഞിരുന്ന വളകള്‍ കാണാതായത് സംശയത്തിനിടയാക്കി. 
 
ജുബൈരിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അബ്ദു റഹിമാന്‍. സംഭവ ദിവസം രാവിലെ ആഭരണം മോഷ്ടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം സുബൈരിയയുമൊത്ത് പൊള്ളാച്ചിക്ക് പോയശേഷം ഇടയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മടങ്ങി വരുമ്പോള്‍ വീണ്ടും ജ്യൂസില്‍ ഉറക്ക ഗുളിക നല്‍കി. പാലക്കാട്ടു നിന്ന് കെ.എസ്.ആര്‍.ടി.സി യില്‍ പെരിന്തല്‍മണ്ണയിലെത്തി ഓട്ടോറിക്ഷയില്‍ ആല്‍പ്പറ്റക്കുടിയിലെ പൂക്കാട്ടില്‍ ഇറങ്ങി. രാതി വിജനമായതിനാല്‍ പാടത്തിനു നടുവിലൂടെയുള്ള ഒഴുക്കുള്ള തോട്ടില്‍ ജുബൈരയെ തള്ളിയിട്ടു. ഉറക്കഗുളിക കഴിച്ചതിനാല്‍ മയങ്ങിയിരുന്ന ജുബൈര ഒഴുക്കില്‍ പെട്ട് പൂക്കാട്ടിരിയില്‍ എത്തിയിരുന്നു. 
 
ആദ്യ ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു ശിക്ഷ കഴിഞ്ഞ അബ്ദുറഹിമാന്‍ ഇന്ത്യനൂരില്‍ നിന്ന് രണ്ടാം വിവാഹം കഴിച്ചെങ്കിലും കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍ ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. പിന്നീടാണ് ജുബൈരയുടെ സഹോദരി അരയക്കണ്ടി സ്വദേശിനിയെ വിവാഹം കഴിച്ചത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.