ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകില്ല - കുമ്മനം
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (19:41 IST)
സംയമനം പാലിക്കുന്നത് ഭീരുത്വമായി സിപിഎം നേതൃത്വം കരുതേണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആർഎസ്എസിനെ കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമം വിലപ്പോവില്ല. ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകില്ല. ഗതികെട്ടാൽ ബിജെപി സ്വയരക്ഷയ്ക്കായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഇന്ദിരാ ഗാന്ധി നിരോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. സ്വന്തം സംസ്‌ഥാനത്ത് സമാധാനം സ്‌ഥാപിക്കാൻ മുൻകൈയെടുക്കാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രിയും വിചാരിച്ചല്‍ മിനുറ്റുകൾ കൊണ്ട് കേരളത്തിൽ സമാധാനം തിരികെ കൊണ്ടുവരാനാകുമെന്നും കുമ്മനം പറഞ്ഞു.
ആർഎസ്എസ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. ആർ.എസ്.എസിന് നിരോധം ഏർപ്പെടുത്താനുള്ള എൽ.ഡി.എഫിന്‍റെ ഹീന നീക്കത്തെ ചെറുക്കും. സ്വന്തം പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.